Trust img
Select City
വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ: ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ

വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ: ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ

doctor image
Dr. Prachi Benara

MBBS (Gold Medalist), MS (OBG), DNB (OBG), PG Diploma in Reproductive and Sexual health

16 Years of experience
Google
Add as a preferred
source on Google

യോനിയിൽ ചൊറിച്ചിൽ, പുകച്ചിൽ, പതിവില്ലാത്ത വെള്ളപോക്ക്. പലർക്കും ഇത് ഉണ്ടാകാറുണ്ട്. പക്ഷേ തുറന്നു പറയാൻ മടിയാണ്. മിക്കപ്പോഴും വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ ആയിരിക്കും ഇതിനു പിന്നിൽ.

ഈ അണുബാധ വളരെ സാധാരണമാണ്. ഗുരുതരമാകുന്നത് അപൂർവമാണ്. ശരിയായ ചികിത്സ കിട്ടിയാൽ പെട്ടെന്ന് ഭേദമാകും. വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ, ഡോക്ടറെ കാണേണ്ട സമയം എന്നിവ ഈ ലേഖനത്തിൽ ലളിതമായി വായിക്കാം.

എന്താണ് വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ?

യോനിയിൽ സാധാരണയായി ചെറിയ അളവിൽ കാണുന്ന കാൻഡിഡ എന്ന ഫംഗസ് അമിതമായി പെരുകുമ്പോഴാണ് ഈ ഇൻഫെക്ഷൻ ഉണ്ടാകുന്നത്. വെജൈനൽ കാൻഡിഡിയാസിസ് എന്നും ഇതിനെ വിളിക്കുന്നു. ഇതിൽ ഏറ്റവും സാധാരണമായ ഇനം കാൻഡിഡ അൽബിക്കൻസ് ആണ്.

യോനിയിലെ ഗുണകരമായ ബാക്ടീരിയകളാണ് ഈസ്റ്റിനെ നിയന്ത്രണത്തിൽ നിർത്തുന്നത്. ഈ സന്തുലിതാവസ്ഥ തെറ്റുമ്പോൾ ഈസ്റ്റ് വേഗത്തിൽ വളർന്ന് ചൊറിച്ചിലും പുകച്ചിലും സ്രവവും ഉണ്ടാക്കുന്നു. നാലിൽ മൂന്ന് സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് വരാറുണ്ട്. ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമല്ല.

എന്തുകൊണ്ടാണ് വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാകുന്നത്?

യോനിയിലെ നല്ല ബാക്ടീരിയകളുടെയും ഈസ്റ്റിന്റെയും സന്തുലിതാവസ്ഥ തെറ്റി, കാൻഡിഡ പെരുകുമ്പോഴാണ് ഇൻഫെക്ഷൻ ഉണ്ടാകുന്നത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, ഹോർമോൺ മാറ്റങ്ങൾ, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, പ്രതിരോധശേഷിക്കുറവ് എന്നിവ ഇതിന് വഴിവെക്കാം. ഒരൊറ്റ കാരണത്താലല്ല, പലതരം ഘടകങ്ങൾ ചേരുമ്പോഴാണ് ഈസ്റ്റ് ഇൻഫെക്ഷൻ സാധാരണയായി ഉണ്ടാകുന്നത്.

പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്:

  • ആന്റിബയോട്ടിക്കുകൾ: ഇവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം നല്ല ബാക്ടീരിയകളെയും നശിപ്പിച്ചേക്കാം. ഇത് ഈസ്റ്റിന് വളരാനുള്ള സാഹചര്യം ഒരുക്കുന്നു.
  • ഹോർമോൺ മാറ്റങ്ങൾ: ഗർഭധാരണം, ചില ഗർഭനിരോധന ഗുളികകൾ, ഹോർമോൺ തെറാപ്പി എന്നിവ ഇൻഫെക്ഷൻ സാധ്യത കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവചക്രത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും യോനിയിലെ അന്തരീക്ഷത്തെ ബാധിക്കാം.
  • ഉയർന്ന ബ്ലഡ് ഷുഗർ: പ്രമേഹം നിയന്ത്രണത്തിലല്ലെങ്കിൽ ഈസ്റ്റ് എളുപ്പത്തിൽ വളരും.
  • കുറഞ്ഞ പ്രതിരോധശേഷി: ചില രോഗങ്ങളും, ദീർഘകാലം സ്റ്റീറോയ്ഡുകൾ ഉപയോഗിക്കുന്നതും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നു.
  • ദൈനംദിന ശീലങ്ങൾ: വിയർത്തതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത്, സുഗന്ധമുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം, ഡൂഷിങ് അഥവാ യോനിക്കുള്ളിൽ വെള്ളമോ മറ്റ് ദ്രാവകങ്ങളോ ഒഴിച്ച് കഴുകുന്ന രീതി എന്നിവ യോനിയിലെ അസ്വസ്ഥതയുമായും സന്തുലിതാവസ്ഥ തെറ്റുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു.

ആർക്കെല്ലാമാണ് വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ?

പ്രത്യുത്പാദന പ്രായത്തിലുള്ള ഏതൊരു സ്ത്രീക്കും ഈസ്റ്റ് ഇൻഫെക്ഷൻ വരാം. എങ്കിലും, ചിലർക്ക് സാധ്യത കൂടുതലാണ്. ഗർഭിണികൾ, പ്രമേഹമുള്ളവർ, അടുത്തിടെ ആന്റിബയോട്ടിക്കുകൾ കഴിച്ചവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഇതിൽപ്പെടുന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപും ആർത്തവവിരാമത്തിന് ശേഷവും ഇത് കാണപ്പെടുന്നത് കുറവാണ്.

പ്രമേഹമുള്ള സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം, കാരണം ഉയർന്ന ബ്ലഡ് ഷുഗർ ഈസ്റ്റ് വളരാൻ സഹായിക്കും. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ, ഹോർമോൺ തെറാപ്പി എടുക്കുന്നവരിൽ ഒഴികെ ഈ ഇൻഫെക്ഷൻ കുറവായിരിക്കും.

വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ

നേരിയ അസ്വസ്ഥത മുതൽ കഠിനമായ ബുദ്ധിമുട്ടുകൾ വരെ ഇതിന്റെ ലക്ഷണങ്ങളായി വരാം. സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ഇവയാണ്:

  • യോനിയിലും ചുറ്റുമുള്ള ഭാഗത്തും ചൊറിച്ചിലും അസ്വസ്ഥതയും
  • മൂത്രമൊഴിക്കുമ്പോഴും ലൈംഗികബന്ധത്തിലും അനുഭവപ്പെടുന്ന പുകച്ചിൽ
  • യോനിയുടെ പുറംഭാഗത്ത് ചുവപ്പുനിറം, നീര്, നീറ്റൽ
  • ലൈംഗികബന്ധത്തിനിടെയുള്ള വേദന
  • കോട്ടേജ് ചീസ് പോലെ കട്ടിയുള്ളതും വെളുത്തതും മണമില്ലാത്തതുമായ സ്രവം. ചിലരിൽ വെള്ളം പോലെയുള്ള സ്രവവും കാണാറുണ്ട്

യോനിയിലെ എല്ലാ ചൊറിച്ചിലും സ്രവവുംഈസ്റ്റ് ഇൻഫെക്ഷൻ ആകണമെന്നില്ല. ബാക്ടീരിയൽ ഇൻഫെക്ഷനുകൾ, മറ്റ് സൂക്ഷ്മജീവികൾ, സോപ്പുകളോടുള്ള അലർജി എന്നിവയും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷന്റെ രോഗനിർണയം

നിങ്ങളുടെ ലക്ഷണങ്ങളെയും മെഡിക്കൽ ഹിസ്റ്ററിയെയും കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം ലളിതമായ ഒരു പെൽവിക് പരിശോധന നടത്തിയാണ് ഡോക്ടർ സാധാരണയായി ഈസ്റ്റ് ഇൻഫെക്ഷൻ കണ്ടെത്തുന്നത്. യോനീസ്രവത്തിന്റെ ഒരു ചെറിയ സാമ്പിൾ മൈക്രോസ്കോപ്പിൽ പരിശോധിക്കുകയോ കൾച്ചർ ടെസ്റ്റിന് അയയ്ക്കുകയോ ചെയ്ത് ഈസ്റ്റിന്റെ സാന്നിധ്യം ഉറപ്പാക്കും.

പല അവസ്ഥകളും ഒരുപോലെ തോന്നാമെന്നതിനാൽ കൃത്യമായ പരിശോധന പ്രധാനമാണ്. ചില ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകളും ബാക്ടീരിയൽ വെജൈനോസിസും സമാനമായ ചൊറിച്ചിലും സ്രവവും ഉണ്ടാക്കാറുണ്ട്. എന്നാൽ, അവയ്ക്ക് വ്യത്യസ്ത മരുന്നുകളാണ് വേണ്ടത്. തെറ്റായ രോഗത്തിനുള്ള ചികിത്സ എടുക്കുന്നത് ആശ്വാസം വൈകിപ്പിച്ചേക്കാം.

വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷന്റെ ചികിത്സ

ആന്റിഫംഗൽ മരുന്നുകളാണ് ഈസ്റ്റ് ഇൻഫെക്ഷന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഒന്നു മുതൽ ഏഴ് ദിവസം വരെ ഉപയോഗിക്കുന്ന ക്രീമുകൾ, ഓയിന്റ്മെന്റുകൾ, വെജൈനൽ ടാബ്‌ലെറ്റുകൾ എന്നിവയായോ, കഴിക്കാനുള്ള ഗുളികയായോ ഇവ ലഭ്യമാണ്. നേരിയ ഇൻഫെക്ഷനുകൾ പലപ്പോഴും ഏതാനും ദിവസങ്ങൾക്കുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ മെച്ചപ്പെടും. എന്നാൽ ഗുരുതരമായവയ്ക്ക് കൂടുതൽ ദിവസത്തെ ചികിത്സ വേണ്ടിവന്നേക്കാം.

സുഖം തോന്നിത്തുടങ്ങിയാലും മരുന്നിന്റെ കോഴ്സ് പൂർത്തിയാക്കണം. ഇടയ്ക്കുവെച്ച് നിർത്തിയാൽ ഇൻഫെക്ഷൻ വീണ്ടും വരാൻ സാധ്യതയുണ്ട്.

നിങ്ങൾ ഗർഭിണിയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം മരുന്ന് കഴിക്കരുത്. ഗർഭകാലത്ത് കഴിക്കാനുള്ള ഗുളികകൾ ഒഴിവാക്കി, യോനിയിൽ ഉപയോഗിക്കുന്ന ക്രീമുകളോ ടാബ്‌ലെറ്റുകളോ ആണ് ഡോക്ടർമാർ സാധാരണയായി നിർദ്ദേശിക്കാറുള്ളത്. ഗർഭം ധരിക്കാൻ ശ്രമിക്കുന്നവരും ഏത് മരുന്നാണ് സുരക്ഷിതമെന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.

വീട്ടിൽ ഈസ്റ്റ് ഇൻഫെക്ഷൻ ചികിത്സിക്കാനുള്ള വഴികൾ

മരുന്നുകൾക്കൊപ്പം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇവ ആന്റിഫംഗൽ ചികിത്സയ്ക്ക് പകരമാവില്ല. താഴെ പറയുന്ന ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കാം:

  • കാറ്റുകടക്കുന്ന, അയഞ്ഞ കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക
  • യോനിയുടെ പുറംഭാഗം ശുദ്ധജലം മാത്രം ഉപയോഗിച്ച് പതുക്കെ കഴുകുക
  • സുഗന്ധമുള്ള സോപ്പുകൾ, വാഷുകൾ, സ്പ്രേകൾ, ഡൂഷിങ് എന്നിവ ഒഴിവാക്കുക
  • ചൊറിയരുത്; ഇത് ചർമ്മത്തിൽ മുറിവുണ്ടാക്കാം
  • നനഞ്ഞ നീന്തൽ വസ്ത്രങ്ങളും വിയർത്ത വസ്ത്രങ്ങളും വേഗം മാറ്റുക

മുൻപ് ഈസ്റ്റ് ഇൻഫെക്ഷൻ കണ്ടെത്തിയിട്ടുള്ളവർക്ക് അതേ ലക്ഷണങ്ങൾ വീണ്ടും വരികയാണെങ്കിൽ, മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന ആന്റിഫംഗൽ മരുന്ന് ഒരു മാർഗമായേക്കാം. ലേബലിലെ നിർദ്ദേശങ്ങൾ പാലിക്കുക, അല്ലെങ്കിൽ ഫാർമസിസ്റ്റിനോട് ചോദിക്കുക.

തൈര്, വെളുത്തുള്ളി, ടീ ട്രീ ഓയിൽ, വിനാഗിരി തുടങ്ങിയ പല വീട്ടുവൈദ്യങ്ങളും ഫലം തരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവയിൽ ചിലത് ലോലമായ ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കാം; അതിനാൽ ഇവ യോനിക്കുള്ളിൽ വയ്ക്കരുത്.

എന്തുകൊണ്ടാണ് ചിലരിൽ ഈസ്റ്റ് ഇൻഫെക്ഷൻ വീണ്ടും വീണ്ടും വരുന്നത്?

ഒരു വർഷത്തിനുള്ളിൽ നാലോ അതിലധികമോ തവണ ഇൻഫെക്ഷൻ വരുന്നതിനെയാണ് ആവർത്തിച്ചുള്ള ഇൻഫെക്ഷൻ എന്ന് പറയുന്നത്. നിയന്ത്രണമില്ലാത്ത പ്രമേഹം, ഹോർമോൺ മാറ്റങ്ങൾ, പ്രതിരോധശേഷിക്കുറവ്, സാധാരണ മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്ത ഇനം കാൻഡിഡ എന്നിവ ഇതിന് കാരണമാകാം. ചിലപ്പോൾ വ്യക്തമായ കാരണം കണ്ടെത്താനായെന്നു വരില്ല. പരിശോധനകളിലൂടെ കാരണം കണ്ടെത്തി ഡോക്ടർക്ക് ദീർഘകാല ചികിത്സ ആസൂത്രണം ചെയ്യാം.

കൾച്ചർ ടെസ്റ്റിലൂടെ രോഗം ഉറപ്പാക്കിയ ശേഷം, ചിലപ്പോൾ മാസങ്ങളോളം കൃത്യമായ ഇടവേളകളിൽ മരുന്ന് കഴിക്കേണ്ട ദീർഘമായ ആന്റിഫംഗൽ ചികിത്സ ഡോക്ടർ നിർദ്ദേശിച്ചേക്കാം. പ്രമേഹം, ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള അടിസ്ഥാന പ്രശ്നങ്ങളുണ്ടോ എന്നും ഡോക്ടർ പരിശോധിച്ചേക്കാം.

വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ എങ്ങനെ തടയാം?

എല്ലാ ഇൻഫെക്ഷനുകളും തടയാൻ കഴിയില്ലെങ്കിലും, ഈ ശീലങ്ങൾ രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം:

  • കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുക, വളരെ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക
  • നീന്തലിനും വ്യായാമത്തിനും ശേഷം നനഞ്ഞ വസ്ത്രങ്ങൾ എത്രയും വേഗം മാറ്റുക
  • ഡൂഷിങ്ങും സുഗന്ധമുള്ള ഉൽപ്പന്നങ്ങളും ഒഴിവാക്കുക
  • പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ നിർത്തുക
  • ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക

ഈ ശീലങ്ങൾ യോനിയിലെ ആരോഗ്യകരമായ അന്തരീക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും ഇൻഫെക്ഷൻ ഒരിക്കലും വരില്ലെന്ന് ഇവ ഉറപ്പുനൽകുന്നില്ല.

വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷന് എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ആദ്യമായാണ് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നതെങ്കിലോ, ഗർഭിണിയാണെങ്കിലോ, ലക്ഷണങ്ങളുടെ കാരണം വ്യക്തമല്ലെങ്കിലോ ഡോക്ടറെ കാണുക. ചികിത്സയ്ക്ക് ശേഷവും ലക്ഷണങ്ങൾ മാറുന്നില്ലെങ്കിലോ വീണ്ടും വരുന്നുണ്ടെങ്കിലോ, പനി, അടിവയറ്റിൽ വേദന, ദുർഗന്ധമുള്ള സ്രവം എന്നിവ ഒപ്പമുണ്ടെങ്കിലോ ചികിത്സ തേടണം.

അടിവയറ്റിലെ വേദന, പനി, അസാധാരണമായ സ്രവം എന്നിവ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് പോലുള്ള മറ്റ് അവസ്ഥകളുടെ സൂചനയാകാം. ഇവയ്ക്ക് ഉടനടി വൈദ്യസഹായം ആവശ്യമാണ്. തുടക്കത്തിലേ സഹായം തേടുന്നത് വേഗത്തിൽ ആശ്വാസം നൽകും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

  • ഈസ്റ്റ് ഇൻഫെക്ഷൻ ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

യോനിയിലെ ചൊറിച്ചിൽ, പുകച്ചിൽ, ചുവപ്പുനിറം, നീറ്റൽ, കട്ടിയുള്ളതും വെളുത്തതും മണമില്ലാത്തതുമായ സ്രവം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ലൈംഗികബന്ധത്തിലോ മൂത്രമൊഴിക്കുമ്പോഴോ വേദനയും തോന്നാം. മറ്റ് ഇൻഫെക്ഷനുകളും സമാനമായി തോന്നാമെന്നതിനാൽ, പ്രത്യേകിച്ച് ആദ്യമായി ഉണ്ടാകുമ്പോൾ, ഡോക്ടറുടെ പരിശോധന മാത്രമാണ് വിശ്വസനീയമായ മാർഗം.

  • സ്വകാര്യ ഭാഗത്തെ ഈസ്റ്റ് ഇൻഫെക്ഷൻ എങ്ങനെ മാറ്റിയെടുക്കാം?

ആന്റിഫംഗൽ ക്രീമുകൾ, വെജൈനൽ ടാബ്‌ലെറ്റുകൾ, അല്ലെങ്കിൽ കഴിക്കാനുള്ള ഗുളിക എന്നിവ സാധാരണയായി ഇത് ഭേദമാക്കും. നിർദ്ദേശിച്ച പ്രകാരം ഉപയോഗിക്കുകയും, സുഖം തോന്നിയാലും കോഴ്സ് പൂർത്തിയാക്കുകയും ചെയ്യുക. ഇതിനിടയിൽ സുഗന്ധമുള്ള സോപ്പുകളും ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കുക. ആദ്യമായാണെങ്കിലോ ഗർഭിണിയാണെങ്കിലോ ലക്ഷണങ്ങൾ മാറുന്നില്ലെങ്കിലോ ആദ്യം ഡോക്ടറെ കാണുക.

  • വെജൈനൽ ഈസ്റ്റ് ഇൻഫെക്ഷൻ ചികിത്സയില്ലാതെ മാറുമോ?

വളരെ നേരിയ കേസുകൾ ചികിത്സയില്ലാതെ മാറിയേക്കാം, പക്ഷേ അത് വിശ്വസിക്കാവുന്നതല്ല. ലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്യാറുണ്ട്; ചൊറിച്ചിൽ കാരണം ചർമ്മത്തിന് കേടുപാടും നീറ്റലും ഉണ്ടാകാം. അതിനാൽ കാത്തിരിക്കുന്നതിനേക്കാൾ, പരിശോധിച്ച് ശരിയായ ആന്റിഫംഗൽ ചികിത്സ എടുക്കുന്നതാണ് സുരക്ഷിതം.

  • ഈസ്റ്റ് ഇൻഫെക്ഷന്റെ പ്രധാന കാരണം എന്താണ്?

യോനിയിലെ ബാക്ടീരിയകളുടെയും ഈസ്റ്റിന്റെയും സ്വാഭാവിക സന്തുലിതാവസ്ഥ തെറ്റിയതിന് ശേഷം, പ്രധാനമായും കാൻഡിഡ അൽബിക്കൻസ് എന്ന ഈസ്റ്റ് അമിതമായി വളരുന്നതാണ് പ്രധാന കാരണം. ആന്റിബയോട്ടിക്കുകൾ, ഹോർമോൺ മാറ്റങ്ങൾ, നിയന്ത്രണമില്ലാത്ത പ്രമേഹം, പ്രതിരോധശേഷിക്കുറവ് എന്നിവ ഇതിന് വഴിവെക്കാം. ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമല്ല.

  • ഈസ്റ്റ് ഇൻഫെക്ഷൻ ശരീരത്തിൽ നിന്ന് സ്വാഭാവികമായി പുറന്തള്ളാൻ എന്തുചെയ്യണം?

ഈസ്റ്റ് ഇൻഫെക്ഷൻ സ്വാഭാവികമായി പുറന്തള്ളാൻ തെളിയിക്കപ്പെട്ട മാർഗമൊന്നുമില്ല. വെള്ളം, തൈര്, ഹെർബൽ പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഇത് മാറ്റുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. ആന്റിഫംഗൽ മരുന്നാണ് ഫലപ്രദമായ ചികിത്സ. കോട്ടൺ അടിവസ്ത്രം, രക്തത്തിലെ പഞ്ചസായുടെ നിയന്ത്രണം, ഡൂഷിങ് ഒഴിവാക്കൽ എന്നിവ രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

  • ഈസ്റ്റ് ഇൻഫെക്ഷൻ ചികിത്സിക്കാതെ വിട്ടാൽ എന്ത് സംഭവിക്കും?

ലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്യാം. ചൊറിച്ചിൽ, ചുവപ്പ്, നീര്, ചർമ്മത്തിൽ വേദനയുണ്ടാക്കുന്ന ചെറിയ വിള്ളലുകൾ എന്നിവ കൂടിവരാം. ലക്ഷണങ്ങൾ മറ്റൊരു ഇൻഫെക്ഷൻ കാരണമാണെങ്കിൽ, കാത്തിരിക്കുന്നത് ശരിയായ ചികിത്സ വൈകിപ്പിക്കും. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും ഇൻഫെക്ഷൻ ഭേദമാക്കാൻ കൂടുതൽ ബുദ്ധിമുട്ടായേക്കാം.

To know more

Birla Fertility & IVF aims at transforming the future of fertility globally, through outstanding clinical outcomes, research, innovation and compassionate care.

Need Help?

Talk to our fertility experts

Had an IVF Failure?

Talk to our fertility experts