Trust img
Select City
ഗർഭകാലത്ത് ലൈംഗികബന്ധം: എപ്പോൾ നിർത്തണം? | സുരക്ഷാ ഗൈഡ്

ഗർഭകാലത്ത് ലൈംഗികബന്ധം: എപ്പോൾ നിർത്തണം? | സുരക്ഷാ ഗൈഡ്

doctor image
Dr. Prachi Benara

MBBS (Gold Medalist), MS (OBG), DNB (OBG), PG Diploma in Reproductive and Sexual health

16 Years of experience

ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തേണ്ടതുണ്ടോ?

ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പല ദമ്പതികൾക്കും കുറച്ച് ആശങ്കയോ സംശയമോ ഉള്ള കാര്യമാണ്. പങ്കാളിയുമായുള്ള ശാരീരിക ബന്ധം വയറ്റിലെ കുഞ്ഞിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോഎന്ന പേടിയാണ് മിക്കവരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാൽ, വലിയ കോംപ്ലിക്കേഷൻസ് ഒന്നുമില്ലാത്ത സാധാരണ ഗർഭാവസ്ഥയാണെങ്കിൽ ലൈംഗികബന്ധം പൂർണ്ണമായും സുരക്ഷിതമാണ്. ഗർഭകാലത്ത് സെക്സ് തുടരാൻ പറ്റുമോ, അത് എത്രകാലം വരെയാകാം എന്നതെല്ലാം നിങ്ങളുടെ പൊതുവായ ആരോഗ്യത്തെയും ഗർഭാവസ്ഥയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അമ്മയുടെ മാനസികസമ്മർദ്ദം കുറയ്ക്കാനും ദമ്പതികൾ തമ്മിലുള്ള വൈകാരിക ബന്ധം കൂടുതൽ ശക്തമാക്കാനും ഏറെ സഹായിക്കാറുണ്ട്.

ബ്ലീഡിംഗ്, കടുത്ത വയറുവേദന, ഫ്ലൂയിഡ് ലീക്കേജ്, അല്ലെങ്കിൽ പ്രീടെം പ്രസവത്തിനുള്ള സാധ്യത എന്നിവയുണ്ടെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടണം. എപ്പോഴൊക്കെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നത്, എപ്പോഴാണ് വിട്ടുനിൽക്കേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കുന്നത് ഓരോ ട്രൈമെസ്റ്ററിലും പങ്കാളികൾക്ക് കൂടുതൽ ആത്മവിശ്വാസവും ആശ്വാസവും നൽകും.

ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോ?

സാധാരണ ഗതിയിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത ആരോഗ്യകരമായ ഗർഭാവസ്ഥയാണെങ്കിൽ ലൈംഗികബന്ധം കുഞ്ഞിനെ ഒരു തരത്തിലും ബാധിക്കില്ല. ഗർഭപാത്രത്തിലെ അമ്നിയോട്ടിക് സാക്കും അതിനുള്ളിലെ ഫ്ലൂയിഡും, ഗർഭപാത്രത്തിന്റെ ശക്തമായ മസിലുകളും കുഞ്ഞിന് പൂർണ്ണ സംരക്ഷണം നൽകുന്നുണ്ട്. കൂടാതെ, ബീജമടക്കം പുറത്തുനിന്നുള്ള ഒന്നുമേ കുഞ്ഞിന്റെ അടുത്തേക്ക് എത്താതിരിക്കാൻ സെർവിക്സ് ഒരു മ്യൂക്കസ് പ്ലഗ് കൊണ്ട് മൂടപ്പെട്ടിരിക്കും. അതിനാൽ, മറ്റ് കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ ഗർഭകാലത്തുടനീളം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണ്.

ഡോക്ടർ പ്രത്യേകം പറയാത്തിടത്തോളം ഗർഭത്തിന്റെ ഒൻപത് മാസവും സെക്സ് തുടരാവുന്നതാണ്.

  • ആദ്യ ട്രൈമെസ്റ്റർ (0–3 മാസം): മുൻപ് അബോർഷൻ ആയ ചരിത്രമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെങ്കിൽ ഈ സമയത്ത് സെക്സ് സുരക്ഷിതമാണ്. എന്നാൽ ക്ഷീണം, ഛർദ്ദി, മൂഡ് സ്വിങ്സ് എന്നിവ കാരണം പല സ്ത്രീകൾക്കും ഈ സമയത്ത് താല്പര്യം കുറഞ്ഞേക്കാം.
  • രണ്ടാം ട്രൈമെസ്റ്റർ (4–6 മാസം): ക്ഷീണവും ഛർദ്ദിയും മാറി ഊർജ്ജം തിരികെ കിട്ടുന്നതിനാൽ ഇതാണ് ഏറ്റവും കംഫർട്ടബിളായ സമയം. ഈ സമയത്ത് പെൽവിക് ഏരിയയിലേക്കുള്ള രക്തയോട്ടം കൂടുന്നത് താല്പര്യവും സുഖവും വർദ്ധിപ്പിക്കാനും സഹായിക്കും.
  • മൂന്നാം ട്രൈമെസ്റ്റർ(7–9 മാസം): വയറ് വലുതാകുന്നതുകൊണ്ട് അനുയോജ്യമായ പൊസിഷനുകൾ കണ്ടെത്തേണ്ടി വരും എന്നതൊഴിച്ചാൽ ഇപ്പോഴും സെക്സ് സുരക്ഷിതമാണ്. അവസാന ആഴ്ചകളിൽ സെക്സ് ചെയ്യുന്നത് പ്രസവവേദന നേരത്തെയാക്കാൻ സഹായിച്ചേക്കാം, എന്നാൽ ശരീരം അതിന് സജ്ജമായിട്ടുണ്ടെങ്കിൽ മാത്രമേ അത് സംഭവിക്കൂ.

ഗർഭകാലത്ത് എപ്പോഴാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തേണ്ടത്?

എല്ലാ ഗർഭാവസ്ഥയിലും ലൈംഗികബന്ധം നിർബന്ധമായും അവസാനിപ്പിക്കേണ്ട ഇന്ന മാസമെന്ന രീതിയിൽ പൊതുവായൊരു സമയപരിധിയില്ല. ഇത് ഓരോ സ്ത്രീയുടെയും ആരോഗ്യസ്ഥിതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നിരുന്നാലും, താഴെ പറയുന്ന സാഹചര്യങ്ങളിൽ ലൈംഗികബന്ധം ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം:

  • ഡോക്ടർ പ്രത്യേകം നിർദ്ദേശിക്കുന്ന സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഹൈ-റിസ്ക് ഗർഭാവസ്ഥയാണെങ്കിൽ
  • മൂന്നാം ട്രൈമെസ്റ്ററിന്റെ അവസാന ഘട്ടങ്ങളിൽ, വയറിന്റെ വലിപ്പം കാരണം അസ്വസ്ഥത അനുഭവപ്പെടുകയോ ഡോക്ടർക്ക് എന്തെങ്കിലും ആശങ്കകളോ ഉണ്ടെങ്കിൽ
  • യോനിയിലൂടെ അസാധാരണമായ രീതിയിൽ ബ്ലീഡിംഗോ കടുത്ത വയറുവേദനയോ ഉണ്ടായാൽ
  • അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതായി തോന്നിയാൽ
  • മുൻപ് തുടർച്ചയായി അബോർഷൻ സംഭവിച്ച ചരിത്രമുണ്ടെങ്കിലോ, മാസം തികയാതെയുള്ള പ്രസവസാധ്യത ഉണ്ടെങ്കിലോ

ഓരോ ഗർഭാവസ്ഥയും വ്യക്തിഗതമായി വ്യത്യസ്തമായതുകൊണ്ട് തന്നെ, പൊതുവായ നിർദ്ദേശങ്ങളെ മാത്രം ആശ്രയിക്കാതെ നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച് വ്യക്തത വരുത്തുന്നതാണ് എപ്പോഴും നല്ലത്.

ഗർഭകാലത്ത് എപ്പോഴൊക്കെയാണ് ലൈംഗികബന്ധം ഒഴിവാക്കേണ്ടത്?

ചില പ്രത്യേക സാഹചര്യങ്ങളിൽ ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടതുണ്ട്:

  • മുൻപ് അബോർഷൻ സംഭവിച്ചിട്ടുണ്ടെങ്കിൽ: പ്രത്യേകിച്ച് ആദ്യ മാസങ്ങളിൽ തുടർച്ചയായി അബോർഷൻ ഉണ്ടായ ചരിത്രമുണ്ടെങ്കിൽ.
  • പ്ലാസന്റ മുൻപിൽ വരുന്ന അവസ്ഥ: പ്ലാസന്റ സെർവിക്സിനെ മൂടുന്ന രീതിയിലോ അതിന് വളരെ അടുത്തോ ആയിരിക്കുന്ന സാഹചര്യം.
  • കാരണമില്ലാത്ത രക്തസ്രാവം: യോനിയിലൂടെയുള്ള ബ്ലീഡിംഗോ സ്പോട്ടിംഗോ കണ്ടാൽ, അത് മറ്റ് പ്രശ്നങ്ങളുടെ ലക്ഷണമാകാം.
  • പ്രീടെം പ്രസവ സാധ്യത: നേരത്തെ തന്നെ പ്രസവവേദനയുടെ ലക്ഷണങ്ങളോ കൺട്രാക്ഷൻസോ അനുഭവപ്പെടുന്നുണ്ടെങ്കിൽ.
  • സെർവിക്കൽ ഇൻസഫിഷ്യൻസി: ഗർഭപാത്രത്തം ദുർബലമാവുകയും സമയത്തിന് മുൻപേ തുറന്നുപോകാൻ സാധ്യതയുണ്ടാവുകയും ചെയ്താൽ.
  • അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നത്: അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടും.
  • രണ്ടോ അതിലധികമോ കുട്ടികളുള്ള ഗർഭാവസ്ഥ: ഇരട്ടക്കുട്ടികളോ അതിൽ കൂടുതലോ ഉള്ള ഗർഭാവസ്ഥയിൽ, പ്രത്യേകിച്ച് കോംപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ.
  • എസ്ടിഐ: പങ്കാളികളിൽ ആർക്കെങ്കിലും ലൈംഗിക രോഗങ്ങൾ ഉണ്ടെങ്കിൽ അത് കുഞ്ഞിനെ ബാധിക്കാൻ സാധ്യതയുണ്ട്.

ഇതിനുപുറമേ, പങ്കാളിക്ക് എന്തെങ്കിലും തരത്തിലുള്ള വൈറൽ ഇൻഫെക്ഷനോ പനിയോ ചർമ്മരോഗങ്ങളോ ഉണ്ടെങ്കിലും കുറച്ചുദിവസത്തേക്ക് സെക്സ് ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കാരണം, ഗർഭകാലത്ത് സ്ത്രീകളുടെ രോഗപ്രതിരോധ ശേഷി സ്വാഭാവികമായും കുറവായിരിക്കും.

സെക്സ് കാരണം ഗർഭച്ഛിദ്രം ഉണ്ടാകുമോ?

ഇല്ല, ഗർഭത്തിന്റെ ആദ്യ മാസങ്ങളിലെ ലൈംഗികബന്ധം കാരണം അബോർഷൻ ഉണ്ടാകില്ല. മിക്ക അബോർഷനുകളും സംഭവിക്കുന്നത് കുഞ്ഞിന്റെ ജനിതകപരമായ വൈകല്യങ്ങൾ കൊണ്ടോ അമ്മയ്ക്കുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടോ ആണ്, അല്ലാതെ സെക്സ് ചെയ്യുന്നത് കൊണ്ടല്ല. ദമ്പതികൾക്ക് ഇതിൽ ആശങ്ക തോന്നുന്നത് സ്വാഭാവികമാണെങ്കിലും, ആരോഗ്യകരമായ ഒരു ഗർഭാവസ്ഥയിൽ സാധാരണ രീതിയിലുള്ള ലൈംഗികബന്ധം കാരണം അബോർഷൻ സംഭവിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, മുൻപ് തുടർച്ചയായി അബോർഷൻ സംഭവിച്ച ചരിത്രമുള്ളവരോ, നിലവിൽ ബ്ലീഡിംഗോ കടുത്ത വയറുവേദനയോ ഉള്ളവരോ ഒരു മുൻകരുതൽ എന്ന നിലയിൽ സെക്സ് ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.

മൂന്നാം ട്രൈമെസ്റ്ററിൽ ലൈംഗികബന്ധം സുരക്ഷിതമാണോ?

അതെ, മറ്റ് കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ, ഡോക്ടർ പ്രത്യേകം വിട്ടുനിൽക്കാൻ പറയാത്തിടത്തോളം മൂന്നാം ട്രൈമെസ്റ്ററിലും സെക്സ് സുരക്ഷിതമാണ്. പക്ഷേ, ഈ സമയത്ത് ശാരീരികമായ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടി വരും. വയറിന്റെ വലിപ്പവും ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതകളും കാരണം ചില പൊസിഷനുകളോ ചലനങ്ങളോ ബുദ്ധിമുട്ടായി തോന്നാം.

ചില സന്ദർഭങ്ങളിൽ, ഈ സമയത്തെ ലൈംഗികബന്ധം ശരീരത്തെ പ്രസവത്തിനായി സജ്ജമാക്കാൻ സഹായിച്ചേക്കാം. ബീജത്തിൽ അടങ്ങിയിരിക്കുന്ന പ്രോസ്റ്റാഗ്ലാന്റിൻസ് സെർവിക്സിനെ മൃദുവാക്കാൻ സഹായിക്കും, കൂടാതെ ഓർഗാസം ഗർഭപാത്രത്തിൽ ചെറിയ രീതിയിലുള്ള കൺട്രാക്ഷൻസ് ഉണ്ടാവുകയും ചെയ്യും. ഇവ സാധാരണയായി ദോഷകരമല്ല, കുറച്ചു സമയത്തേക്ക് മാത്രമേ നിലനിൽക്കുകയുമുള്ളൂ. എന്നാൽ മാസം തികയുന്നതിന് മുൻപേയുള്ള പ്രസവലക്ഷണങ്ങളോ, ഫ്ലൂയിഡ് ലീക്കേജോ, മറ്റ് മെഡിക്കൽ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ സെക്സ് ഒഴിവാക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും വേണം.

ലൈംഗികബന്ധം ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന സാഹചര്യങ്ങൾ

ചുവടെ പറയുന്ന സാഹചര്യങ്ങളിൽ ലൈംഗികബന്ധം താൽക്കാലികമായി നിർത്താൻ ഡോക്ടർമാർ സാധാരണയായി ഉപദേശിക്കാറുണ്ട്:

  • പ്ലാസന്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ: പ്ലാസന്റ സെർവിക്സിന് വളരെ താഴെയായി കാണപ്പെടുന്ന പ്ലാസന്റ പ്രീവിയ പോലെയുള്ള അവസ്ഥകളിൽ പ്രസവം കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്.
  • അകാല പ്രസവ സാധ്യത: പ്രതീക്ഷിച്ചതിലും നേരത്തെ പ്രസവം നടക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ കണ്ടാൽ.
  • ബ്ലീഡിംഗ് അല്ലെങ്കിൽ സ്പോട്ടിംഗ്: ഉടനടി വൈദ്യസഹായം തേടേണ്ട മറ്റ് പ്രശ്നങ്ങളുടെ ലക്ഷണമാകാം ഇത്.
  • ഗർഭപാത്രത്തിലെ ഇൻഫെക്ഷൻ അല്ലെങ്കിൽ തുടർച്ചയായ അബോർഷൻ: മുൻപ് ഗർഭപാത്രത്തിൽ അണുബാധയുണ്ടായ ചരിത്രമോ, തുടർച്ചയായി അബോർഷൻ സംഭവിച്ചിട്ടുള്ള അവസ്ഥയോ ഉണ്ടെങ്കിൽ.
  • ഐവിഎഫ് (IVF) വഴിയുള്ള ഗർഭധാരണം: പ്രത്യേകിച്ച് എംബ്രിയോ ട്രാൻസ്ഫറിന് ശേഷമുള്ള ആദ്യ 2-3 ആഴ്ചകളിൽ, ഭ്രൂണം ഗർഭപാത്രത്തിൽ കൃത്യമായി ഉറച്ചുനിൽക്കുന്നതിന് സെക്സ് ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ഈ സമയത്ത് ഗർഭപാത്രത്തിന് പൂർണ്ണമായ വിശ്രമം ആവശ്യമാണ്.

ഗർഭകാലത്ത് സെക്സിൽ ഏർപ്പെടുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ

നിങ്ങളുടെ ഗർഭാവസ്ഥ ആരോഗ്യകരമാണെങ്കിൽ, ഡോക്ടറുടെ മറ്റ് വിലക്കുകൾ ഒന്നുമില്ലെങ്കിൽ, സുരക്ഷിതവും സുഖകരവുമായ ലൈംഗികബന്ധത്തിന് ഈ മുൻകരുതലുകൾ സഹായിക്കും:

  • ഹൈ-റിസ്ക് – ഗർഭാവസ്ഥയോ മറ്റ് കോംപ്ലിക്കേഷൻസോ ഉണ്ടെങ്കിൽ ആദ്യം ഡോക്ടറോട് സംസാരിക്കുക.
  • ഗർഭകാലം മുന്നോട്ട് പോകുന്തോറും വയറ്റിൽ സമ്മർദ്ദം വരാത്ത തരത്തിലുള്ള പൊസിഷനുകൾ തിരഞ്ഞെടുക്കുക.
  • വേദനയോ അസ്വസ്ഥതയോ അസാധാരണമായ സമ്മർദ്ദമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നിർത്തുക, ഇത് തുടരുകയാണെങ്കിൽ ഡോക്ടറെ കാണുക.
  • കഠിനമായ രീതികൾ ഒഴിവാക്കി പതുക്കെയുള്ള, മൃദുവായ ചലനങ്ങൾ മാത്രം പിന്തുടരുക.
  • ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ വ്യക്തിശുചിത്വം പാലിക്കുക.
  • ഗർഭധാരണം തടയാൻ കോണ്ടം ആവശ്യമായി വരില്ലെങ്കിലും, പങ്കാളിക്ക് എന്തെങ്കിലും തരത്തിലുള്ള ലൈംഗിക രോഗങ്ങൾ (STI) ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ കോണ്ടം നിർബന്ധമായും ഉപയോഗിക്കുക.
  • സെക്സിന് ശേഷം ബ്ലീഡിംഗോ, കടുത്ത വേദനയോ, ഫ്ലൂയിഡ് ലീക്കേജോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക.

പങ്കാളികൾ തമ്മിൽ തങ്ങളുടെ ശാരീരിക-മാനസിക അസ്വസ്ഥതകളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നത് ഗർഭകാലത്തെ ആത്മബന്ധവും ലൈംഗികജീവിതവും സുരക്ഷിതവും സംതൃപ്തവുമാക്കാൻ സഹായിക്കും.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ലൈംഗികബന്ധത്തിനിടയിലോ അതിനുശേഷമോ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം:

  • യോനിയിലൂടെയുള്ള രക്തസ്രാവം അല്ലെങ്കിൽ സ്പോട്ടിംഗ്
  • പെട്ടെന്നുണ്ടാകുന്നതോ കഠിനമായതോ ആയ വയറുവേദന, അല്ലെങ്കിൽ കടുത്ത ക്രാംപിംഗ്
  • യോനിയിലൂടെ ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നത്
  • തുടർച്ചയായതോ ശക്തമായതോ ആയ കൺട്രാക്ഷൻസ്
  • എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷന്റെ ലക്ഷണങ്ങളോ അസാധാരണമായ വൈറ്റ് ഡിസ്ചാർജോ കാണപ്പെടുക
  • പൊസിഷനുകൾ മാറ്റിയിട്ടും മാറാത്ത അസ്വസ്ഥതകൾ

എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, കാര്യങ്ങൾ കുഴപ്പമില്ല എന്ന് സ്വയം കരുതുന്നതിനേക്കാൾ ലൈംഗികബന്ധം ഒഴിവാക്കി ഡോക്ടറോട് സംസാരിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

  • ഗർഭകാലത്ത് എപ്പോഴാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തേണ്ടത്?

എല്ലാവർക്കും ബാധകമായ രീതിയിൽ ഇന്ന മാസത്തിൽ സെക്സ് നിർത്തണം എന്ന് നിയമമില്ല. ഡോക്ടർ പ്രത്യേകം ഒഴിവാക്കാൻ പറയുകയോ, അല്ലെങ്കിൽ ബ്ലീഡിംഗ്, വേദന, ഫ്ലൂയിഡ് ലീക്കേജ്, മാസം തികയാതെയുള്ള പ്രസവലക്ഷണങ്ങൾ എന്നിവ കാണപ്പെടുകയോ ചെയ്താൽ സെക്സ് നിർത്തണം. അല്ലാത്തപക്ഷം ഗർഭത്തിന്റെ 9 മാസവും ഇത് സുരക്ഷിതമായി തുടരാം.

  • ഗർഭകാലത്തുടനീളം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോ?

അതെ, സാധാരണ ഗതിയിലുള്ള ആരോഗ്യകരമായ ഗർഭാവസ്ഥയാണെങ്കിൽ 9 മാസവും സെക്സ് സുരക്ഷിതമാണ്. ഗർഭപാത്രത്തിലെ ഫ്ലൂയിഡും ശക്തമായ മസിലുകളും കാരണം കുഞ്ഞ് പൂർണ്ണ സംരക്ഷിതനാണ്, കൂടാതെ സെർവിക്സ് അടഞ്ഞിരിക്കുന്നതിനാൽ സാധാരണ രീതിയിലുള്ള ലൈംഗികബന്ധം കുഞ്ഞിന് ഒരു കേടും വരുത്തില്ല.

  • ഗർഭകാലത്തെ സെക്സ് കാരണം അബോർഷൻ സംഭവിക്കുമോ?

ഇല്ല. ആരോഗ്യകരമായ ഗർഭാവസ്ഥയിൽ സെക്സ് കാരണം അബോർഷൻ ഉണ്ടാകില്ല. മിക്ക അബോർഷനുകളും സംഭവിക്കുന്നത് കുഞ്ഞിന്റെ ജനിതകപരമായ വൈകല്യങ്ങൾ കൊണ്ടോ അമ്മയ്ക്കുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടോ ആണ്. എങ്കിലും മുൻപ് തുടർച്ചയായി അബോർഷൻ സംഭവിച്ച ചരിത്രമുള്ളവരോട് ഡോക്ടർമാർ മുൻകരുതൽ എടുക്കാൻ നിർദ്ദേശിക്കാറുണ്ട്.

  • ഗർഭകാലത്ത് എപ്പോഴൊക്കെയാണ് ലൈംഗികബന്ധം ഒഴിവാക്കേണ്ടത്?

പ്ലാസന്റ പ്രീവിയ, കാരണമില്ലാത്ത രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവ സാധ്യത, ദുർബലമായ സെർവിക്സ്, ഫ്ലൂയിഡ് ലീക്കേജ്, കോംപ്ലിക്കേഷൻസ് ഉള്ള ഇരട്ടക്കുട്ടികളുടെ ഗർഭാവസ്ഥ, അല്ലെങ്കിൽ പങ്കാളികളിൽ ആർക്കെങ്കിലും ലൈംഗിക രോഗങ്ങൾ ഉണ്ടെങ്കിൽ സെക്സ് ഒഴിവാക്കണം.

  • മൂന്നാം ട്രൈമെസ്റ്ററിൽ സെക്സ് സുരക്ഷിതമാണോ?

അതെ, പൊതുവേ ഇത് സുരക്ഷിതമാണ്. എന്നാൽ വയറ് വലുതാകുമ്പോൾ സുഖകരമായ പൊസിഷനുകൾ കണ്ടെത്തേണ്ടി വരും. കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ ഡോക്ടറുടെ അനുമതിയോടെ അനുയോജ്യമായ പൊസിഷനുകളിൽ തുടരാവുന്നതാണ്.

  • സെക്സ് കാരണം പ്രസവവേദന വരാൻ സാധ്യതയുണ്ടോ?

ഗർഭത്തിന്റെ അവസാന ആഴ്ചകളിൽ സെക്സ് ചെയ്യുന്നത് പ്രസവവേദനയ്ക്ക് കാരണമായേക്കാം. കാരണം ബീജത്തിൽ അടങ്ങിയിരിക്കുന്ന പ്രോസ്റ്റാഗ്ലാന്റിൻസ് സെർവിക്സിനെ മൃദുവാക്കാനും, ഓർഗാസം വരുമ്പോൾ ഉണ്ടാകുന്ന ചെറിയ കൺട്രാക്ഷൻസ് പ്രസവത്തിന് ശരീരത്തെ സഹായിക്കാനും ഇടയാക്കും. എന്നാൽ ശരീരം പ്രസവത്തിന് പൂർണ്ണമായും സജ്ജമായിട്ടുണ്ടെങ്കിൽ മാത്രമേ ഇത് സംഭവിക്കൂ.

  • ഹൈ-റിസ്ക് ഗർഭാവസ്ഥയാണെങ്കിൽ സെക്സ് സുരക്ഷിതമാണോ?

എപ്പോഴും ആകണമെന്നില്ല. പ്ലാസന്റ പ്രീവിയ, അകാല പ്രസവ സാധ്യത, അല്ലെങ്കിൽ മറ്റ് കോംപ്ലിക്കേഷൻസ് ഉള്ള ഹൈ-റിസ്ക് ഗർഭാവസ്ഥയാണെങ്കിൽ ഡോക്ടർമാർ സെക്സ് ഒഴിവാക്കാൻ നിർദ്ദേശിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊതുവായ നിർദ്ദേശങ്ങൾ നോക്കാതെ ഡോക്ടറുടെ ഉപദേശം കൃത്യമായി പാലിക്കേണ്ടതാണ്.

  • സെക്സിന് ശേഷം എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ലൈംഗികബന്ധത്തിന് ശേഷം ബ്ലീഡിംഗ്, കടുത്ത വയറുവേദന, ഫ്ലൂയിഡ് ലീക്കേജ്, തുടർച്ചയായ കൺട്രാക്ഷൻസ് അല്ലെങ്കിൽ അസാധാരണമായ മറ്റ് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

To know more

Birla Fertility & IVF aims at transforming the future of fertility globally, through outstanding clinical outcomes, research, innovation and compassionate care.

Need Help?

Talk to our fertility experts

Had an IVF Failure?

Talk to our fertility experts